Month: മെയ് 2022

മരം വിൽക്കുന്ന പഴം

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഗലാത്യർ 5: 22-23
പീച്ച് മരങ്ങൾ വിൽക്കുവാൻ ഒരു നഴ്സറി ഉടമ വിവിധ സമീപനങ്ങൾ പരിഗണിച്ചു. ചെറിയ ചാക്കുനകളിൽ ഇലത്തൈകൾ മനോഹരമായി പ്രദർശിപ്പിക്കുക, പീച്ച് മരങ്ങളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിക്കുന്ന വർണ്ണാഭമായ കാറ്റലോഗ് ഉണ്ടാക്കുക എന്നിവ അവൾ പരീക്ഷിച്ചു. അവസാനം അവൾക്ക് മനസ്സിലായി പീച്ച് മരത്തൈകൾ എങ്ങനെയാണ് വിൽക്കുന്നത് എന്ന് . പീച്ച് മരത്തിന്റെ ഫലങ്ങൾ തന്നെയാണ് അതിന്റെ പരസ്യം: മങ്ങിയ ഓറഞ്ച് നിറമുള്ള തൊലിയോടു കൂടിയ, നല്ല മധുരമുള്ള, മണമുള്ള അതിന്റെ ഫലം! ഒരു പഴുത്ത പീച്ച് പറിച്ചെടുത്ത്, അതിന്റെ ജ്യൂസ് നിങ്ങളുടെ കൈയിലേക്ക് ഒഴുകുന്നതുവരെ മുറിക്കും, തുടർന്ന് ഒരു കഷ്ണം ഉപഭോക്താവിന് നൽകും. അവർ ആ ഫലം രുചിക്കുന്നു; നടുന്നതിന് തൈ വാങ്ങുന്നു.
ദൈവം തന്റെ അനുയായികളിൽ ഉളവാകുന്ന ആത്മീയ ഫലത്തിൽ കൂടി സ്വയം വെളിപ്പെടുത്തുന്നു: സ്നേഹം, സന്തോഷം, സമാധാനം, സഹിഷ്ണുത (ക്ഷമ), ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാത്യർ 5: 22-23) എന്നിവയിൽക്കൂടി. യേശുവിലുള്ള വിശ്വാസികൾ ഇത്തരം ഫലം പ്രദർശിപ്പിക്കുമ്പോൾ, മറ്റുള്ളവരും ആ ഫലം ആഗ്രഹിക്കും എന്നുമാത്രമല്ല, ആകർഷകമായ ആ ഫലത്തിന്റെ ഉറവിടം അവർ തേടുകയും ചെയ്യും.
ആത്മഫലം എന്നത് ഒരു ആന്തരിക ബന്ധത്തിന്റെ ഫലമായി പുറമെ കാണാനാവുന്ന കാര്യമാണ് - നമ്മുടെ ജീവിതത്തിൽ ഉള്ള പരിശുദ്ധാത്മാവിന്റെ സ്വാധീനം! നമ്മൾ പ്രതിനിധാനം ചെയ്യുന്ന ദൈവത്തെ രുചിച്ചറിയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ആകർഷണമാണ് ഈ ഫലം. മരത്തിന്റെ പച്ച ഇലകൾക്കിടയിൽ നിൽക്കുന്ന ശോഭയുള്ള പീച്ചുകൾ പോലെ, ആത്മാവിന്റെ ഫലം വിശക്കുന്ന ലോകത്തോട് പ്രഖ്യാപിക്കുന്നു : “ഇതാ ഭക്ഷണം! ഇതാ ജീവിതം! വന്നു ക്ഷീണത്തിൽ നിന്നും നിരുത്സാഹത്തിൽ നിന്നും ഉണരുവാൻ വഴി കണ്ടെത്തുക. ദൈവത്തെ കണ്ടുമുട്ടുക!"

സൈമണിന്റെ വീട്ടിലെ നവോന്മേഷം

സൈമണിന്റെ വീട്ടിലേക്കുള്ള എന്റെ യാത്ര അവിസ്മരണീയമായിരുന്നു. നക്ഷത്രഖചിതമായ ആകാശത്തിന്റെ കീഴിൽ അത്താഴത്തിന് കെനിയയിലെ ന്യാഹുരുരുവിൽ അദ്ദേഹത്തിന്റെ ചെറിയ വീട്ടിലേക്ക് ഞങ്ങൾ ചെന്നു. ആ വീടിന്റെ മൺതറയും, വിളക്കിന്റെ വെളിച്ചവും സൈമണിന്റെ പരിമിതമായ വരുമാനത്തെ പ്രതിഫലിപ്പിച്ചു. എന്തായിരുന്നു അവിടെ നിന്ന് കഴിച്ചതെന്ന് ഞാൻ ഓർക്കുന്നില്ല; എന്നാൽ ഞങ്ങൾ അവന്റെ അതിഥികളായി വന്നതിനാൽ സൈമണുണ്ടായ സന്തോഷം എനിക്ക് മറക്കാനാകാത്തതാണ്. അവന്റെ സ്നേഹം നിറഞ്ഞ ആതിഥ്യം യേശുവിന്റെ മനോഭാവത്തോടെയായിരുന്നു-നിസ്വാർത്ഥവും ജീവിതത്തെ സ്പർശിക്കുന്നതും ഉന്മേഷദായകവും.
1 കൊരിന്ത്യർ 16: 15-18 -ൽ, പൗലോസ് ഒരു കുടുംബത്തെക്കുറിച്ച് പരാമർശിക്കുന്നു – സ്തെഫനാസിന്റെ കുടുംബം (വാ. 15). അവരുടെ ശുശ്രൂഷ പ്രസിദ്ധമായിരുന്നു - അവർ "വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു" (വാ. 15). അവരുടെ സേവനം ഭൗമികമായ കാര്യങ്ങളിൽ ആയിരുന്നുവെങ്കിലും (വാ. 17), അതിന്റെ സ്വാധീനത്താൽ പൗലോസ് എഴുതി, "അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ" (വാ. 18).
മറ്റുള്ളവരെ സൽക്കരിക്കുവാൻ അവസരങ്ങളുണ്ടാകുമ്പോൾ, ഭക്ഷണത്തിന്റെ ക്രമീകരണങ്ങളിലും അതുപോലുള്ള മറ്റ് കാര്യങ്ങളിലും നാം കൂടുതൽ ശ്രദ്ധിക്കുന്നു. എന്നാൽ അവ പ്രധാന്യമുള്ളതാണെങ്കിലും, അത് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളല്ലെന്ന് നമ്മൾ ചിലപ്പോൾ മറക്കുന്നു. മനോഹരവും മികച്ചതുമായ ഭക്ഷണക്രമീകരണങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, പക്ഷേ ഒരു ഭക്ഷണത്തിനും നമ്മെ പൂർണ്ണമായി പരിപോഷിപ്പിക്കുവാനും നമുക്ക് ഉന്മേഷം നല്കുവാനും സാധിക്കുകയില്ല. യഥാർത്ഥ പോഷണം ദൈവത്തിൽ നിന്ന് നമ്മിലേക്ക് ഒഴുകിവരേണ്ടതാണ്; അത് നമ്മുടെ ഹൃദയത്തിലാണുണ്ടാകേണ്ടത്. അത് മറ്റുള്ളവരുടെ ഹൃദയങ്ങളിലും എത്തും; അത് ഭക്ഷണശേഷവും വളരെനാൾ അവരെ പോഷിപ്പിക്കുകയും ചെയ്യും.

സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം

2020 ഓഗസ്റ്റിൽ, സ്വിറ്റ്സർലൻഡിലെ ഓൾട്ടൻ നിവാസികൾ മഞ്ഞുപോലെ നിരത്തിൽ ചോക്ലേറ്റ് മൂടിയതായി കണ്ട് ഞെട്ടി! ഒരു പ്രാദേശിക ചോക്ലേറ്റ് ഫാക്ടറിയുടെ വെന്റിലേഷൻ സംവിധാനത്തിലെ തകരാർ മൂലം, ചോക്ലേറ്റ് കണങ്ങൾ വായുവിലേക്ക് വ്യാപിക്കുന്നതിന് കാരണമായി. തത്ഫലമായി, ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് കണങ്ങൾ മഞ്ഞായി കാറുകളെയും തെരുവുകളെയും മൂടുകയും നഗരം മുഴുവൻ ഒരു മിഠായി സ്റ്റോർ പോലെ മണക്കുകയും ചെയ്തു.
സ്വർഗ്ഗത്തിൽ നിന്ന് വീഴുന്ന രുചികരമായ "അത്ഭുത" ഭക്ഷണത്തെക്കുറിച്ച് ഞാൻ ചിന്തിക്കുമ്പോൾ, പുറപ്പാടിലെ ഇസ്രായേൽ ജനതയ്ക്കുള്ള ദൈവത്തിന്റെ കരുതലുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ല. ഈജിപ്തിൽ നിന്നുള്ള നാടകീയമായ രക്ഷപ്പെടലിനെത്തുടർന്ന്, മരുഭൂമിയിൽ, പ്രത്യേകിച്ച് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യത്താൽ ജനങ്ങൾ കാര്യമായ വെല്ലുവിളികൾ നേരിട്ടു. ജനങ്ങളുടെ ദുരിതം കണ്ട ദൈവം "ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും" എന്നു വാഗ്ദാനം ചെയ്തു (പുറപ്പാട് 16: 4). പിറ്റേന്ന് രാവിലെ, മരുഭൂമിയിൽ ആകെ ഒരു നേരിയ വസ്തു പൊഴിഞ്ഞു കിടന്നു. മന്ന എന്നറിയപ്പെട്ട ഈ ദൈനംദിന ആഹാരം അടുത്ത നാൽപത് വർഷത്തേക്ക് തുടർന്നു.
യേശു ഭൂമിയിൽ വന്നപ്പോൾ, ജനക്കൂട്ടത്തിന് അദ്ഭുതകരമായി അപ്പം നൽകിയപ്പോൾ, ദൈവം അവനെ അയച്ചതാണെന്ന് ആളുകൾ വിശ്വസിക്കുവാൻ തുടങ്ങി (യോഹന്നാൻ 6: 5-14). എന്നാൽ, താൻ തന്നെയാണ് "ജീവന്റെ അപ്പം" എന്നും (വാ. 35), താൽക്കാലിക അപ്പം അല്ല , നിത്യജീവനെ നല്കുവാനാണ് താൻ വന്നതെന്നും (വാ. 51) യേശു പഠിപ്പിച്ചു.
ആത്മീയ ആഹാരത്തിനായി ആഗ്രഹിക്കുന്ന നമുക്ക്, ദൈവത്തോടൊപ്പം അനന്തമായ ജീവൻ യേശു വാഗ്ദാനം ചെയ്യുന്നു. ആഴത്തിലുള്ള നമ്മുടെ ആത്മാവിന്റെ വാഞ്ഛയെ തൃപ്തിപ്പെടുത്താനാണ് അവൻ വന്നത് എന്നു നമുക്ക് വിശ്വസിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യാം.

അവനെ ആഗ്രഹിക്കുക

"ഇത് ഞാൻ കഴിക്കുന്ന അവസാനത്തെ ചിപ്സ് ആണ്" എന്ന് പറഞ്ഞിട്ട്,അഞ്ച് മിനിറ്റിനുശേഷം അതു പിന്നെയും നിങ്ങൾ അന്വേഷിക്കുന്നതെന്തുകൊണ്ടാണ്? മൈക്കൽ മോസ് തന്റെ “സാൾട്ട് ഷുഗർ ഫാറ്റ്” (Salt Sugar Fat) എന്ന പുസ്തകത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പലഹാര നിർമ്മാതാക്കൾക്ക്, ജങ്ക് ഫുഡിനോട് കൊതി തോന്നാൻ ആളുകളെ "എങ്ങനെ സഹായിക്കണമെന്ന്" അറിയാമെന്ന് അദ്ദേഹം വിവരിക്കുന്നു. നമ്മുടെ ഭക്ഷണത്തോടുള്ള താൽപര്യം മുതലെടുക്കുവാൻ, ഒരു ജനപ്രിയ കമ്പനി ഒരു വർഷം 30 മില്യൺ ഡോളർ (ഏകദേശം 222 കോടി രൂപ) ചെലവഴിച്ച് ഉപഭോക്താക്കളുടെ സന്തോഷ താല്പര്യങ്ങൾ നിർണ്ണയിക്കുവാൻ “ക്രേവ് കൺസൾട്ടന്റുമാരെ”നിയമിക്കാറുണ്ട്.
ആ കമ്പനിയിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ആത്മാക്കൾക്ക് സംതൃപ്തി നൽകുന്ന യഥാർത്ഥ ഭക്ഷണം — ആത്മീയ ഭക്ഷണം — ആഗ്രഹിക്കുവാൻ യേശു നമ്മെ സഹായിക്കുന്നു. അവൻ പറഞ്ഞു, "ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവനു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല.”(യോഹന്നാൻ 6:35). ഈ അവകാശവാദം ഉന്നയിച്ചുകൊണ്ട്, അദ്ദേഹം രണ്ട് പ്രധാന കാര്യങ്ങൾ പറഞ്ഞു: ആദ്യം, അവൻ സംസാരിച്ച അപ്പം ഒരു വസ്തുവല്ല, ഒരു വ്യക്തിയാണ് (വാ. 32). രണ്ടാമതായി, പാപമോചനത്തിനായി ആളുകൾ യേശുവിൽ ആശ്രയിക്കുമ്പോൾ, അവർ അവനുമായി ശരിയായ ബന്ധത്തിൽ പ്രവേശിക്കുകയും അവരുടെ ആത്മാവിന്റെ ഓരോ ആഗ്രഹത്തിനും തൃപ്തി കണ്ടെത്തുകയും ചെയ്യുന്നു. ഈ അപ്പം ശാശ്വതവും ആത്മീയവുമായ ഭക്ഷണമാണ്, അത് സംതൃപ്തിയിലേക്കും ജീവനിലേക്കും നയിക്കുന്നു.
സ്വർഗ്ഗത്തിൽനിന്നുള്ള യഥാർത്ഥ അപ്പമായ യേശുവിൽ നമ്മൾ വിശ്വാസം അർപ്പിക്കുമ്പോൾ, നമ്മൾ അവനെ ആഗ്രഹിക്കും, അവൻ നമ്മുടെ ജീവിതത്തെ ശക്തിപ്പെടുത്തുകയും പരിവർത്തനം ചെയ്യുകയും ചെയ്യും.

അസാധാരണമായ ധൈര്യം

1478 -ൽ ഇറ്റലിയിലെ ഫ്ലോറൻസിന്റെ ഭരണാധികാരിയായ ലൊറെൻസോ ഡി മെഡിസി തന്റെ ജീവനു നേരെയുള്ള ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തുടർന്നു അദ്ദേഹത്തിന്റെ നാട്ടുകാർ, അവരുടെ നേതാവിനെ ആക്രമിച്ചതിന് പ്രതികാരം ചെയ്യുവാൻ ഒരു യുദ്ധത്തിന് പുറപ്പെട്ടു. സാഹചര്യം വഷളായി, നേപ്പിൾസിലെ ക്രൂരനായ രാജാവ് ഫെറാന്റേ ഒന്നാമൻ ലോറെൻസോയുടെ ശത്രുവായിത്തീർന്നു, പക്ഷേ ലോറെൻസോയുടെ ധീരമായ പ്രവർത്തി എല്ലാം മാറ്റിമറിച്ചു. അദ്ദേഹം ഒറ്റയ്ക്ക് രാജാവിനെ നിരായുധനായി സന്ദർശിച്ചു. ഈ ധീരതയും, അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും ചുറുചുറുക്കും, ഫെറാന്റെയുടെ പ്രശംസ നേടുകയും യുദ്ധം അവസാനിക്കുകയും ചെയ്തു.
ദാനിയേലും ഒരു രാജാവിന്റെ ഹൃദയം മാറുവാൻ കാരണമായി. ബാബിലോണിലെ ആർക്കും നെബൂഖദ്‌നേസർ രാജാവിനെ അസ്വസ്ഥമാക്കിയ സ്വപ്നത്തെ വിവരിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു, ദാനിയേലും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാ ഉപദേശകരെയും വധിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. എന്നാൽ തങ്ങളെ വധിക്കുവാൻ തീരുമാനിച്ചിരിക്കുന്ന രാജാവിന്റെ സന്നിധിയിൽ തന്നെ കൊണ്ടുപോകേണം എന്നു ദാനിയേൽ ആവശ്യപ്പെട്ടു (ദാനിയേൽ 2:24).
നെബൂഖദ്‌നേസറിന്റെ മുമ്പിൽ നിന്നുകൊണ്ട്, രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ദൈവത്തിന് ദാനിയേൽ സകല മഹത്വവും നൽകി (വാ. 28). പ്രവാചകൻ സ്വപ്നത്തെ വിവരിക്കുകയും അതിന്റെ അർത്ഥം ബോധിപ്പിക്കയും ചെയ്തപ്പോൾ, നെബൂഖദ്‌നേസർ "ദൈവാധിദൈവവും രാജാധികർത്താവും ആയ ദൈവത്തെ" ആദരിച്ചു (വാ. 47). ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താൽ ഉളവായ ദാനിയേലിന്റെ അസാധാരണമായ ധൈര്യം അദ്ദേഹത്തെയും കൂട്ടുകാരെയും മറ്റ് ഉപദേശകരെയും മരണത്തിൽനിന്ന് രക്ഷിച്ചു.
നമ്മുടെ ജീവിതത്തിൽ, പ്രധാനപ്പെട്ട സന്ദേശങ്ങൾ കൈമാറാൻ ധൈര്യവും മനസാന്നിദ്ധ്യവും ആവശ്യമുള്ള സമയങ്ങളുണ്ട്. ദൈവം നമ്മുടെ വാക്കുകളെ നയിക്കുകയും തക്കസമയത്ത് എന്താണ് പറയേണ്ടതെന്ന അറിവും അത് നന്നായി പറയാനുള്ള കഴിവും ജ്ഞാനവും നൽകട്ടെ.